അമരീന്ദർ ബിജെപിയിലേക്കോ? സംശയമുയർത്തി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച

അഭിറാം മനോഹർ| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (19:13 IST)
ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി.പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ശേഷമാണ് അമരീന്ദര്‍ ഇന്നലെ ഡല്‍ഹിയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് എത്തിയതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്.

അതേസമയം ഇതിനിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട്
നാടകീയനീക്കത്തിലൂടെ നവ്‌ജോത് സിങ് സിദ്ദു പഞ്ചാബിലെ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചു. സിദ്ദുവുമായുള്ള തർക്കത്തെ തുടർന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ രാജിവെച്ചത്.

രാജിവെച്ചതിന് ശേഷം നവ്‌ജ്യോത് സിങ് രാജ്യദ്രോഹിയാണെന്നും സിദ്ദുവിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് അകറ്റാനായി എന്തും ചെയ്യാൻ തയ്യാറാണെന്നും അമരീന്ദർ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :