അഭിറാം മനോഹർ|
Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (09:24 IST)
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ തന്റെ പിൻഗാമിയായി അംഗീകരിക്കാനാകില്ലെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരിന്ദർ സിങ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണ്. പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുമായും സിദ്ദുവിന് ബന്ധമുണ്ട്. ഇത് രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച പ്രശ്‌നമാണ്. അമരിന്ദർ പറഞ്ഞു.
സിദ്ദു കഴിവില്ലാത്ത വ്യക്തിയാണെന്നും തന്റെ സർക്കാരിൽ വലിയ ദുരന്തമായിരുന്നുവെന്നും അമരിന്ദർ സിങ് ആരോപിച്ചു. ഞാൻ ഏൽപ്പിച്ച വകുപ്പ് പോലും നേരെ നയിക്കാൻ സിദ്ദുവിനായില്ല. അതേസമയം, കോൺഗ്രസിൽ തുടരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോൾ മറുപടി നൽകാനാവില്ലെന്നായിരുന്നു അമരിന്ദറിന്റെ മറുപടി.
നവജ്യോത് സിങ് സിദ്ദുവുമായുള്ള തർക്കത്തെത്തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ രാജി. കോൺഗ്രസിൽ താൻ അപമാനിക്കപ്പെട്ടുവെന്ന് ഗവർണർ ബൽവരിലാൽ പുരോഹിതിന് രാജികത്ത് നൽകിയ ശേഷം അമരിന്ദർ പറഞ്ഞിരുന്നു.