ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 26 മെയ് 2015 (12:41 IST)
രാജ്യത്തെ ആരോഗ്യരക്ഷാ മേഖലയിലെ പ്രമുഖ സര്‍ക്കാര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ വൃക്കമോഷണം നടന്നതായി പരാതി. ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ ആറു വയസ്സുകാരിയുടെ രണ്ട് വൃക്കകളും ആശുപത്രി അധികൃതര്‍ മുറിച്ചുമാറ്റിയെന്നാണ് പരാതി. ബറേലി സ്വദേശിയായ പവന്‍ കുമാറാണ് പരാതിക്കാരന്‍. ഇയാളുടെ മകളുടെ വൃക്കകളാണ് നഷ്ടപ്പെട്ടത്.
മകളുടെ ഇടത് വൃക്കയ്‌ക്ക് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം ഇടത്
വൃക്ക നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് 14 ന് ശസ്‌ത്രക്രിയ നടത്തി. രണ്ട് ദിവസത്തിനു ശേഷം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ കുട്ടിയുടെ രണ്ട് വൃക്കകളും നീക്കംചെയ്‌തു എന്ന് വ്യക്‌തമാവുകയായിരുന്നു. എന്നാല്‍, ഇതേ കുറിച്ച് ഡോക്‌ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കാന്‍ വിസമ്മതിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വലതു വൃക്കയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്ന്മുന്‍പ് നടത്തിയ പരിശോധനകളില്‍ വ്യക്തമായിരുന്നതായും പവന്‍ കുമാര്‍ ഹോസ് ഖാസ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ മകള്‍ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സ്‌ഥിരമായി ഡയാലിസിസിനു വിധേയയാവുകയാണെന്നും പിതാവ് പവന്‍ കുമാര്‍ പറയുന്നു. ഗുരുതരമായ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ എയിംസ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.