ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (10:36 IST)
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാല് പേജുള്ള റിപ്പോര്‍ട്ടാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കേന്ദ്രത്തിന് സമര്‍പ്പിച്ചത്
ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥുടെ അമിതാവേശമാണ് ഇത്തരത്തിലൊരു കേസെടുക്കുന്നതിനുള്ള കാരണമായത്. അറസ്റ്റിന്റെ തലേദിവസം നടത്തിയ പ്രസംഗത്തിൽ വർഗീയതയുണർത്തുന്നതൊന്നും ഇല്ലായിരുന്നുവെന്നും സുരക്ഷ ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരു അനുസ്മരണച്ചടങ്ങിൽ കനയ്യ കുമാർ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ അത്തരത്തില്‍ പ്രസംഗിക്കുകയോ ചെയ്‌തിട്ടില്ല. കനയ്യ കുമാറിന്റെ പക്കല്‍ നിന്ന് അത്തരമൊരു നീക്കവും ഉണ്ടായിട്ടില്ല. എന്നാല്‍, ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അഫ്സല്‍ ഗുരു അനുസ്മരണത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്യു) പ്രവര്‍ത്തകരാണ് മുഴക്കിയത്. സിപിഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ഥി സംഘമാണ് ഡിഎസ്യു. എന്നാല്‍, കനയ്യ കുമാര്‍ എഐഎസ്എഫ് നേതാവാണ്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയാണിതെന്നും ആഭ്യന്തരമന്ത്രാലത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചത് ഡിഎസ്‌യു നേതാവ് ഉമര്‍ ഖാലിദ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അഫ്‌സല്‍ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാല അധികൃതര്‍ വിലക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. കനയ്യ കുമാറിന്റെ അറസ്റ്റിന് ശേഷം ഉമര്‍ ഖാലിദ് ഒളിവിലാണെന്നും, ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഐബിഎന്‍ പറയുന്നു.