കൊച്ചി|
jibin|
Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (13:37 IST)
ജെഎന്‍യു പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു രംഗത്ത്. സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
‘ആദ്യം രാജ്യത്തിന്റെ പേരില്‍ തല്ലുപിടിക്കണം, പിന്നെ മതം, അത് കഴിഞ്ഞാല്‍ ഭാഷ, സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തിലാവും അക്രമവും കൊലവിളിയും. ഈ വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് ‘മനുഷ്യന്മാര്‍ക്ക്’ ഇനിയുള്ള വെല്ലുവിളി.’- എന്നായിരുന്നു ആഷിഖ് അബു ഫേസ്‌ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചടങ്ങില്‍ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്.
തുടര്‍ന്ന് തിങ്കളാഴ്‌ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ കനയ്യ കുമാറിനെ ഹാജരാക്കിയ ഡല്‍ഹി പാട്യാല കോടതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിടുകയായിരുന്നു. ബിജെപി എംഎല്‍എ ഒപി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു കോടതി പരിസരത്തെ സംഘര്‍ഷം. ഇതിനെതിരെയാണ് ആഷിഖ് അബു രംഗത്തെത്തിയത്.