ചെന്നൈ|
jibin|
Last Updated:
ചൊവ്വ, 5 ഡിസംബര്‍ 2017 (20:23 IST)
ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് വിശാൽ. മാധ്യമങ്ങളോട് സംസാരിക്കവെ താരം ക്ഷുഭിതനാകുകയും തുടര്‍ന്ന് പൊട്ടിക്കരയുകയും ചെയ്തു. പത്രിക തള്ളിയതിന് പിന്നില്‍ ചില ശക്തികളുണ്ട്. തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവാണെന്നും താരം പറഞ്ഞു.
വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിൽ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയത്. അതേസമയം, ഇവരെ ചിലര്‍ സ്വാധീനിച്ചതാണ് പത്രിക തള്ളാന്‍ കാരണമായതെന്നും വിശാല്‍ വ്യക്തമാക്കി.
പത്രിക തള്ളിയതിന് പിന്നാലെ തൊണ്ടയാർപേട്ടിലെ കോർപറേഷൻ ഓഫിസിനു മുന്നിൽ വിശാലും അനുയായികളും എത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.
ജയലളിതയുടെ ബന്ധുവായ ദീപ ജയകുമാറിന്റെ പത്രികയും തള്ളിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള യഥാര്‍ത്ഥ കാരണത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്.