ചെന്നൈ|
jibin|
Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (18:48 IST)
മെര്‍സലിന്റെ വ്യാജ പതിപ്പ് കണ്ടുവെന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാവ് എച്ച് രാജയെ ചോദ്യം ചെയ്ത നടനും തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ ‘നടികര്‍ സംഘം’ നേതാവുമായ വിശാലിന്റെ വീട്ടില്‍ ജിഎസ്ടി ഇന്റലിജന്‍സ് റെയ്ഡ്.
വിശാലിന്റെ വടപളനിയിലുള്ള ഓഫീസായ
വിശാൽ ഫിലിം ഫാക്ടറിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. താരം ചരക്കു സേവന നികുതി അടയ്ക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ബിജെപിയുടെ പ്രതികാര നടപടിയാണ് ഇതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
അതേസമയം, വിശാലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റെയ്‌ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിജയ് ക്രിസ്‌ത്യാനിയായതിനാലാണ്
മെര്‍സല്‍ എന്ന ചിത്രത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്ന രാജയുടെ പ്രസ്‌താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ താന്‍ ചിത്രം ഇന്റര്‍നെറ്റിലൂടെ കണ്ടുവെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.
ഇതിനെ ചോദ്യം ചെയ്‌താണ് വിശാല്‍ രംഗത്ത് എത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവ് പരസ്യമായി സമ്മതിക്കുന്നു താന്‍ മെര്‍സല്‍ കണ്ടത് വ്യാജ പതിപ്പാണെന്ന്. ഇത് വിഷമകരമാണ്. ഇനി പൈറസി നിയമപരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വിശാല്‍ ചോദിച്ചിരുന്നു.
രാജയ്‌ക്കെതിരെ വിശാല്‍ നടത്തിയ പ്രസ്‌താവന ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുകയും ദേശീയ തലത്തില്‍ പോലും പാര്‍ട്ടിക്ക് അപമാനമായി തീരുകയും ചെയ്‌തു. ഇതോടെയാണ് വിശാലിനെതിരെ പ്രതികാര നടപടിയെന്നോണമുള്ള റെയ്‌ഡ് നടന്നത്.