കോയമ്പത്തൂര്‍|
vishnu|
Last Modified വ്യാഴം, 8 ജനുവരി 2015 (13:48 IST)
കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട മലയാളികളുടെ കാറില്‍ നിന്ന് റോഡിലേക്കു ചിതറിവീണത് കോടികള്‍. അപകടം നടന്നതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടിയവര്‍ റോഡില്‍ കിടക്കുന്ന നോട്ടുകെട്ടുകളില്‍ നിന്ന് കൈയ്യില്‍ കിട്ടിയതുമായെടുത്ത് മുങ്ങി. ആദ്യമെത്തിയവര്‍ നോട്ടുകള്‍ വാരിക്കൂട്ടുന്നതിനിടയില്‍ അപക്ടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ആരും തുനിഞ്ഞതുമില്ല. ഒടുവില്‍ സംഭവമറിഞ്ഞ് പാഞ്ഞെത്തിയ റവന്യൂ എന്‍ഫോഴ്‌മെന്റിനും കിട്ടി രണ്ടു കോടി അമ്പത്തിയഞ്ചു ലക്ഷം രൂപ.
കോയമ്പത്തൂര്‍ മധുക്കരൈ-നീലാമ്പൂര്‍ ബൈപ്പാസില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാലക്കാട്ടേക്കു വരികയായിരുന്ന കാറും കോയമ്പത്തൂര്‍ -അരശിപ്പാളയം റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്‌റ്റേറ്റ് കോര്‍പറേഷന്‍ ബസുമാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായതോടെ കാറിന്റെ ഡോര്‍ വശങ്ങളില്‍ പ്രത്യേക അറകളില്‍ സുക്ഷിച്ചിരുന്ന അഞ്ഞൂറു രൂപയുടെ കെട്ടുകള്‍ റോഡിലേക്ക് ചിതറി വീഴുകയായിരുന്നു. അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന മലയാളികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമേയുള്ളു.
മലപ്പുറം മാനൂര്‍ സ്വദേശി ജലീല്‍, കോഴിക്കോട് സ്വദേശി യാസര്‍, കോട്ടയം സ്വദേശി ജാഫര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡില്‍ റെയില്‍വേ കാറ്ററിംഗ് ബിസിനസ് നടത്തുന്ന മുസ്തഫ സ്വദേശമായ മലപ്പുറത്തേക്ക് കൊടുത്തുവിട്ടതാണ് പണമെന്ന് ഇവര്‍ പറയുന്നു. മൂന്നു കോടിയിലേറെ രൂപ കാറിലുണ്ടായിരുന്നുവെന്നാണ് ഇവര്‍ നല്‍കിയ വിവരം. എന്നാല്‍ പണം സംബന്ധിച്ച് രേഖകളൊന്നുമില്ലാത്തതിനാല്‍ ഇത് ഹവാലാ പണമായിരിക്കാം എന്നാണ് എന്‍ഫോര്‍സ്മെന്റ് പറയുന്നത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.