ഡൽഹി|
aparna shaji|
Last Updated:
ശനി, 27 ഓഗസ്റ്റ് 2016 (17:51 IST)
മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് പെൺകുട്ടികളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ സമയ്പുർ ബാൾഡി പ്രദേശത്താണ് ക്രൂരമായ സംഭവം നടന്നത്. പെൺകുട്ടികളായതാണ് ഇവരെ ഉപേക്ഷിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് ഒരു സഹോദരനുണ്ടെന്നും ആ കുട്ടിയുമായി മാതാപിതാക്കൾ നാടുവിട്ടിരിക്കാമെന്നും നാട്ടുകാർ പറയുന്നു.
കുട്ടികൾ തനിച്ച് വീട്ടിൽ കഴിയുന്നത് കണ്ട അയൽക്കാരാണ് വിവരം പൊലിസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ ഒരേ കട്ടിലിൽ കൈകൾ കോർത്ത് കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു കുട്ടികൾ. ഇവർ താമസിച്ചിരുന്ന മുറിയിൽ വായുസഞ്ചാരം തീരെ ഉണ്ടായിരുന്നില്ല. ഈച്ചയും പാറ്റയും കൊതുകും പറക്കുന്ന ശോചനീയമായ അവസ്ഥയിലാണ് മുറി. ഒരാഴ്ചയായി ആഹാരം പോലും ലഭിച്ചിരിക്കാൻ സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി. 8 വയസ്സും മൂന്ന് വയസ്സുമാകാം കുട്ടികൾക്കുള്ളതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ദാരിദ്ര്യം സഹികെട്ടിട്ടാണ് കുട്ടികളെ ഉപേക്ഷിച്ചതെന്നും അഭ്യൂഹങ്ങൾ പടരുന്നുണ്ട്. മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടികൾ. ഒരാളുടെ തലയിൽ നിന്നും പുഴുക്കൾ അരിക്കുന്നുണ്ടായിരുന്നു. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖം പ്രാപിച്ചു വരികയാണ്.