ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ഞായര്‍, 9 ഏപ്രില്‍ 2017 (10:54 IST)
ഇനിമുതല്‍ ആഭ്യന്തര വിമാനയാത്രകള്‍ക്ക് ആധാറോ അല്ലെങ്കില്‍ പാസ്പോര്‍ട്ടോ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കാനുള്ള സംവിധാനം അടുത്ത മൂന്നുമാസത്തിനകം നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കുറ്റകൃത്യങ്ങളുടെ തീവ്രതയനുസരിച്ചായിരിക്കും വിലക്കുപട്ടികയിലുള്ള യാത്രികരെ നാലായി തിരിക്കുക. യാത്രാവിലക്കിന്റെ കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുപ്രകാരമാകും തീരുമാനിക്കുക. വിലക്കുപട്ടിക നടപ്പിലാക്കുന്നതിനായി എല്ലാ യാത്രികരുടെ വ്യക്തിവിവരങ്ങളും അറിഞ്ഞിരിക്കണം.വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ ഇത് നടപ്പിലാക്കാമെന്നും മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.