അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ജനുവരി 2021 (08:49 IST)
കൊവിഡ് ആശങ്കകൾക്കിടയിൽ രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് വിശിഷ്ടാതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കില്ല.
ഇന്ന് രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിക്കും. 9.50നു പരേഡ് ആരംഭിക്കും. കേരളമുൾപ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പരേഡിൽ നിശ്ചലദൃശ്യങ്ങൾ ഒരുക്കും. എല്ലാ വർഷവും 1.25 ലക്ഷം പേർ നേരിട്ടു വീക്ഷിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേർക്കാണ് അനുമതി. വിജയ് ചൗക്കിൽ നിന്നു ചെങ്കോട്ട വരെയായിരുന്നു സാധാരണ പരേഡെങ്കിൽ ഇത്തവണ
ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ അവസാനിക്കും.
2019 ൽ കേന്ദ്രഭരണപ്രദേശമായി മാറിയ ലഡാക്ക്, തിക്സെ മൊണാസ്ട്രിയുടെ ദൃശ്യവുമായി ഇത്തവണ ആദ്യമായി പരേഡിൽ അണിനിരക്കും. റഫാൽ പോർവിമാനമായിരിക്കും പരേഡിലെ മുഖ്യ ആകർഷണം. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡിൽ ചേരും.