ന്യൂഡല്‍ഹി|
Last Modified വെള്ളി, 23 മെയ് 2014 (15:49 IST)
മൂന്നുപതിറ്റാണ്ടിനുശേഷം ആദ്യമായി ഏറ്റവുംകൂടുതല്‍ കന്നി എംപിമാര്‍ ലോക്‌സഭയിലെത്തുന്നു. അതുകൊണ്ട് തന്നെ ഇത് കന്നിക്കാരുടെ ലോക്‍സഭയാണ്. തെരഞ്ഞെടുക്കപ്പെട്ട 543 പേരില്‍ 315 പേര്‍ ആദ്യമായി ലോക്‌സഭയിലെത്തുന്നവരാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ നേരത്തേ രാജ്യസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്.
1977-ലാണ് ഏറ്റവുംകൂടുതല്‍ പുതുക്കക്കാരായ എംപിമാര്‍ വന്നത്. 376 പേര്‍. കഴിഞ്ഞ ലോക്‌സഭയില്‍ അംഗങ്ങളായിരുന്ന 171 പേര്‍ പുതിയ സഭയിലേക്ക് ജയിച്ചുവന്നിട്ടുണ്ട്. 18 പേര്‍ ബംഗാളില്‍നിന്നും 17 പേര്‍ കര്‍ണാടകയില്‍നിന്നും 16 പേര്‍ മഹാരാഷ്ട്രയില്‍നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
പതിനാറാം സഭയിലെ 226 എംപിമാര്‍ പലകാലങ്ങളിലായി വിവിധ ലോക്‌സഭകളില്‍ അംഗങ്ങളായിരുന്നവരാണ്. ബിജെപിയുടെ 281 എംപിമാരില്‍ 116 പേര്‍ നേരത്തേ അംഗങ്ങളായിരുന്നു. 165 പേര്‍ പുതുക്കക്കാരാണ്. കോണ്‍ഗ്രസിന്റെ 44 എംപിമാരില്‍ 35 പേര്‍ വിവിധ സഭകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം എഐഎഡിഎംകെയുടെ 37-ല്‍ 34 പേരും ആദ്യമായിട്ടാണ് ലോക്‌സഭയിലെത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 19-ഉം ബിജു ജനതാദളിന്റെ 12-ഉം എംപിമാര്‍ കന്നിക്കാരാണ്.
കമല്‍നാഥ്, രാംവിലാസ് പാസ്വാന്‍, പിഎ സാംഗ്മ എന്നിവരാണ് പതിനാറാം ലോക്‌സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍. മൂന്നുപേരും ഒമ്പതാംതവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. കരിയാമുണ്ട, ഷിബു സോറന്‍(ജാര്‍ഖണ്ഡ്), സുമിത്രാ മഹാജന്‍(മധ്യപ്രദേശ്), അര്‍ജുന്‍ചരണ്‍ സേഠി(ഒഡിഷ) എന്നിവര്‍ എട്ടാംതവണയാണ് വിജയിച്ചത്.