ന്യൂഡല്‍ഹി|
Last Updated:
ശനി, 16 നവംബര്‍ 2019 (17:07 IST)
ടുജി കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരായ പരാതിയില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. രേഖകളിലെ ആധികാരികത പരിശോധിക്കുന്നതിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവറെ കോടതി ചുമതലപ്പെടുത്തി. രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറിയാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട, സിബിഐയുടെ ഫയലുകളും സന്ദര്‍ശക ഡയറിയുമടക്കമുള്ള രേഖകള്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. തനിക്കെതിരായ കേസ് തള്ളിക്കളയണമെന്നും വാദം കേള്‍ക്കരുതെന്നും ആവശ്യപ്പെട്ട് രഞ്ജിത് സിന്‍ഹ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറിയുടെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിരുന്നു. രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി പ്രശാന്ത് ഭൂഷണോട് നിര്‍ദേശിച്ചിരുന്നു. മുദ്രവച്ച കവറില്‍ ഡയറി കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.