26/11: ഭീകരരെ ചോദ്യം ചെയ്യാന്‍ പാക് അനുമതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാകിസ്താന്‍ അനുമതി നല്‍കി. പാക് ജയിലില്‍ കഴിയുന്ന ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനാണ് അനുമതി കിട്ടിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ തീയതി പിന്നീട് തീരുമാനിക്കും.

ഇന്ത്യന്‍ ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള, പാകിസ്താന്‍ ആഭ്യന്തരസെക്രട്ടറി ക്വമര്‍ സമാന്‍ എന്നിവര്‍ തമ്മില്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചകള്‍ക്കൊണ്ടുവിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

ചോദ്യം ചെയ്യലിനായി ഇന്ത്യന്‍ സംഘം പുറപ്പെടുന്ന തീയതി ആറാഴ്ചയ്ക്കുള്ളില്‍ പാകിസ്താനെ അറിയിക്കും. ഭീകരാക്രമണഭീഷണി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് ഇന്ത്യയും പാകിസ്താനും ഹോട്ട്‌ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, മുംബൈ ആക്രമണം, മയക്കുമരുന്ന് കടത്ത്, കളളനോട്ട് കടത്ത് എന്നിവയാണ് പ്രധാനചര്‍ച്ചാവിഷയങ്ങളായത്. സംഝോത സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ലഭിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച ശേഷം പാകിസ്താന് കൈമാറാനും ധാരണയായി.

ഇരുരാജ്യങ്ങളിലെയും കാലാവധി പൂര്‍ത്തിയാക്കിയ തടവുകാര്‍ അവരുടെ പൗരത്വം തിരിച്ചറിയാനുള്ള രേഖകള്‍ കൈമാറുന്ന പക്ഷം അവരെ വിട്ടയക്കാനും തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :