ഷറം-എല്‍-ഷെയ്ക്ക്|
WEBDUNIA|
Last Modified വ്യാഴം, 16 ജൂലൈ 2009 (17:26 IST)
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കണമെന്ന് മന്‍മോഹന്‍ സിംഗ് പാകിസ്ഥാന്‍ പ്രസിഡന്റ് യൂസഫ് റാസ ഗിലാനിയോട് ആവശ്യപ്പെട്ടു. ചേരിചേരാ ഉച്ചകോടിക്കിടെ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.
26/11 ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാവഴികളും സ്വീകരിക്കും എന്ന് ഗിലാനി സിംഗിന് ഉറപ്പ് നല്‍കി. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഉപഭൂഖണ്ഡം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭീകര ഭീഷണിയാണെന്ന് ഇരു നേതാക്കളും അംഗീകരിച്ചു.
ഭാവിയില്‍ ഉണ്ടാകാവുന്ന ഭീകര ഭീഷണിയെ നേരിടാന്‍ വിശ്വാസ്യതയുള്ളതും നടപടിയെടുക്കാന്‍ സഹായകവും ആയ വിവരങ്ങള്‍ ഉടനടി കൈമാറാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. മുന്നോട്ടുള്ള പ്രയാണത്തിന് ചര്‍ച്ചകള്‍ മാത്രമാണ് ഏക വഴിയെന്നും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇന്തോ-പാക് ചര്‍ച്ചയും ഭീകരതയ്ക്കെതിരെയുള്ള നടപടികളെയും ബന്ധപ്പെടുത്തേണ്ടതില്ല എന്ന് ഇന്ത്യ സമ്മതിച്ചു. ഇത് 26/11 നു ശേഷമുള്ള ഇന്ത്യന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണ്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ല എങ്കില്‍ ചര്‍ച്ചകള്‍ തുടരാന്‍ സാധ്യമാവില്ല എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ നിലപാട്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. അതിനായി, പരസ്പര വിശ്വാസം വളര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും എന്നും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
മുംബൈ ഭീകരാക്രമണത്തിനു ശേഷം രണ്ടാം തവണയാണ് പാകിസ്ഥാനും ഇന്ത്യയും ഉന്നതതല കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ, സിംഗും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും തമ്മില്‍ റഷ്യയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് ഗിലാനിയും സിംഗും കൂടിക്കാഴ്ച നടത്തുന്നത്. കൊളംബോയില്‍ വച്ച് സാര്‍ക്ക് സമ്മേളനത്തിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ച.