ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 29 മാര്‍ച്ച് 2009 (17:26 IST)
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള നിക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെതായി 25 ലക്ഷം കോടി (500ബില്യന്‍ ഡോളര്‍)യുടെ ബിനാമി നിക്ഷേപമുണ്ട്. ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അംഗരാജ്യങ്ങളോട് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും അദ്വാനി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വിസ് ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തങ്ങളുടെ പൌരന്മാരുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക അവരുടെ പൌരന്മാരുടെ സ്വിസ് അക്കൌണ്ടുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് അദ്വാനി ആവശ്യപ്പെട്ടു.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് അധികവും കള്ളപ്പണമാണെന്നും അദ്വാനി ആരോപിച്ചു. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തെ കുറിച്ച് അന്വേഷണം നടത്തും. മാത്രമല്ല വിദേശത്തുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ പൌരന്മാരെ പ്രേരിപ്പിക്കുമെന്നും ആ പണം ഇന്ത്യയില്‍ വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പണം ഉപയോഗിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. അതോടൊപ്പം തന്നെ കാര്‍ഷിക മേഖലയിലും മറ്റ് മേഖലകളിലും വികസനത്തിന് ഈ പണം ഉപയോഗിക്കാന്‍ കഴിയും. വിദേശ ബാങ്കുകളിലുള്ള 500 ബില്യന്‍ ഡോളറും ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നാല്‍ ഒരു ഗ്രാമത്തില്‍ നാലു കോടി രൂപ വീതം വിനിയോഗിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്ഥാനാര്‍ത്ഥികള്‍ക്ക് വിദേശ നിക്ഷേപം ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്‍കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
പിലിബിറ്റില്‍ വിവാദ പ്രസംഗം നടത്തിയ വരുണ്‍ഗാന്ധിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്വാനി ഒഴിഞ്ഞുമാറി. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥികള്‍ പ്രസംഗങ്ങളില്‍ മിതത്വം പാലിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു.