ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന് പാകിസ്ഥാനെ വീണ്ടു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സ്വന്തം മണ്ണ് ഭീകരവാദത്തിന്റെ വിളനിലമാകാതിരിക്കാന്‍ പാക് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിലാരി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹഫീസ് സെയ്ദ് എന്നും ഹിലാരി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന് തയ്യാറാകണമെന്ന് എസ് എം കൃഷ്ണ ആവശ്യപ്പെട്ടു.
ഇറാന് ആണവ പ്രശ്നവും അഫ്ഗാന് വിഷയവും ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനമെടുക്കുന്നതില്‍ ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചു. ആ രാജ്യം ആണവായുധങ്ങള്‍ വാരിക്കൂട്ടുന്നതിന് തടയിടാനുള്ള ശ്രമങ്ങളില്‍ ഇന്ത്യയും പങ്കാളിയാകുമെന്നാണ് പ്രതീക്ഷയെന്നും ഹിലാരി കൂട്ടിച്ചേര്‍ത്തു.