പഞ്ചാബും കൈവിട്ടു, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായോ?

അഭിറാം മനോഹർ| Last Updated: വ്യാഴം, 10 മാര്‍ച്ച് 2022 (12:50 IST)
അഞ്ച് സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന കാഴ്‌ച്ചയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണാനാവുന്നത്. മറ്റൊരു സംസ്ഥാനത്തിന്റെ കൂടി ഭരണം കൈവിടുന്നതോടെ ദേശീയ രാഷ്ടീയത്തിൽ മറ്റെന്നുമില്ലാത്ത അപചയത്തിലാണ് പാർട്ടി.

നേതൃ ദാരിദ്ര്യവും തമ്മിൽതല്ലും കോൺഗ്രസിനെ ഓരോ സംസ്ഥാനങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടിരിക്കുന്ന കാഴ്‌ച്ചയാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. നിലവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് സാന്നിധ്യമുള്ളത്.

2017ൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതല ഏറ്റെടുത്തപ്പോൾ വലിയ ആവേശം അണികളിൽ സൃഷ്ടിക്കാനായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ താനൊരു പരാജയമാണെന്ന് രാഹുൽ പലകുറി തെളിയിച്ചു. കുടുംബാധിപത്യത്തിൽ നിന്നും പുറത്തുകടക്കാൻ കോൺഗ്രസ് തയ്യാറാകാതിരുന്നതോടെ സാധാരണക്കാർ കോൺഗ്രസിനെ കൈവിടുന്ന കാഴ്‌ച്ചയാണ് പിന്നീട് കാണാനായത്.

2019ൽ രാഹുൽ ഗാന്ധി കോ‌ൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മറ്റൊരു നേതാവിനെ അതേ സ്ഥാനത്തേയ്ക്ക് എത്തിക്കാൻ പോലും ദേശീയപാർട്ടിക്കായിട്ടില്ല. ഭരണത്തിൽ കടിച്ചുതൂങ്ങുന്ന നേതാക്കളും പുതിയ നേതാക്കളെ വളർത്തിയെടുക്കാൻ ശ്രമിക്കാത്ത പാർട്ടി സംവിധാനവും ദേശീയ പാർട്ടിയെ വളരെ മോശമായാണ് ബാധിച്ചത്.

ദേശീയതലത്തിൽ ഒരു മാറ്റത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോഴും അതിനോട് മുഖം തിരിച്ചുനിൽക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇത് സംബ‌‌ന്ധിച്ച് കോൺഗ്രസിലെ തിരുത്തൽ വാദികളായ കപിൽ സിബൽ,ശശി തരൂർ,മനീഷ് തിവാരി എന്നിവർ ശബ്‌ദമുയർത്തിയെങ്കിലും ഈ ആവശ്യങ്ങൾ കേൾക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല.

പഞ്ചാബ് കൂടി കൈവിടുമ്പോൾ രാജ്യസഭയിലും ലോകസഭയിലും കോൺഗ്രസ് സാന്നിധ്യം നാമമാത്രമാകും. നിർണായകമായ ബില്ലുകൾ എളുപ്പത്തിൽ തന്നെ പ്രാബല്യത്തിൽ വരുത്താൻ ഈ മൃഗീയ ഭൂരിപക്ഷം ബിജെപിയെ സഹായിക്കും. ശക്തമായ ഒരു നേതൃത്വത്തോടെ കോൺഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷയും അസ്ഥാനത്താക്കുന്ന നടപടികളാണ് ഇതുവരെയും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് 2 സംസ്ഥാനങ്ങൾ മാത്രം എതിരായി നിൽക്കുമ്പോഴും തിരുത്തൽ നടപടികളിലേക്ക് പാർട്ടി കണ്ണോടിക്കുന്നില്ല എന്നത് കോൺഗ്രസിന്റെ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പതനത്തിന്റെ സൂചനയായി വേണം വിലയിരുത്താൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :