പക്ഷിപ്പനി നേരിടാന്‍ 2 കോടിയുടെ അടിയന്തര സഹായം; കേന്ദ്രസംഘമെത്തി

തിരുവനന്തപുരം| Last Updated: ബുധന്‍, 26 നവം‌ബര്‍ 2014 (12:29 IST)

പക്ഷിപ്പനി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അടിയന്തര ധനസഹായം അനുവദിച്ചു. രണ്ടു മാസത്തില്‍ താഴെ വളര്‍ച്ചയുള്ള താറാവിന് 100 രൂപയും മറ്റുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരമായി നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. നേരത്തേ ഇത് യാഥാക്രമം 75, 150 രൂപ എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്.

പക്ഷിപ്പനി സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കേരളത്തിലെത്തി. ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. കേന്ദ്ര സര്‍ക്കാരിന് കേരളം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനിടെ ആലപ്പുഴയിലെ പുറക്കാട് മേഖലയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ തന്നെ ചുട്ടുകരിച്ചു തുടങ്ങി. താറാവുകളെ സംസ്കരിച്ച് രോഗബാധ തടയുകയാണ് ലക്‍ഷ്യമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി

പക്ഷിപ്പനി പടരുന്നത് തടയാന്‍ രാജസ്ഥാനില്‍ നിന്ന് കൂടുതല്‍ പ്രതിരോധ മരുന്ന് എത്തിക്കും. എച്ച്1 എന്‍1 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് എത്തിക്കുക. ചത്ത പക്ഷികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :