2 ജി കേസില്‍ ദയാലു അമ്മാളിന്റെ മൊഴിയെടുത്തു

ന്യൂഡല്‍ഹി| WEBDUNIA|
PTI
2 ജി കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴിയെടുത്തു. കലൈഞ്ജര്‍ ടിവിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ 2ജി കേസിലെ പ്രധാന സാക്ഷിയാണ് ദയാലു അമ്മാള്‍

പ്രത്യേകകോടതിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോപാലന്‍ ദയാലു അമ്മാളിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. 85 കാരിയായ ദയാലു അമ്മാളിന് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വീട്ടിലെത്തി മൊഴിയെടുത്തത്.

മറവി രോഗമുള്ള ദയാലു അമ്മാളിന് വീടുവിട്ട് പുറത്തിറങ്ങാന്‍ പറ്റില്ലെന്നും അടുത്തുവരുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവമുണ്ടെന്നുമാണ് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.

സാക്ഷി മൊഴിയെടുക്കുന്നതിനോട് അനുബന്ധിച്ച് വീടിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയിരുന്നു. കേസില്‍ കുറ്റാരോപിതരായ 17 പേരും ഇവിടെയെത്താന്‍ ഉത്തരവിട്ടിരുന്നു. ദയാലു അമ്മാളിന്റെ മകള്‍ കനിമൊഴി, കലൈഞ്ജര്‍ ടിവിയുടെ എം.ഡി ശരത്കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ രാവിലെ വീട്ടിലെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :