തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 27 നവംബര്‍ 2019 (12:06 IST)
കുളത്തില്‍ ജെല്ലിക്കെട്ട് കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. തമിഴ്‌നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്‍ വിഘ്നേശ്വരനാണ് മരിച്ചത്. കൈത്തറിത്തൊഴിലാളിയാണ് മരിച്ച വിഘ്‌നേശ്വരന്‍. ജെല്ലിക്കെട്ട് കാളകള്‍ക്കും കാളവണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാളകള്‍ക്കും വിഘ്‌നേശ്വരനും സുഹൃത്തുക്കളും പരിശീലനം നല്‍കുന്നുണ്ട്.
കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തില്‍ ഇവര്‍ ജല്ലിക്കെട്ട് കാളയോടൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കാള വിരണ്ടു. നിയന്ത്രണം വിട്ട് വിഘ്നേശ്വരന്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തടുത്തത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.