ഹൈദരാബാദ്|
Last Modified ശനി, 8 ഒക്ടോബര്‍ 2016 (11:03 IST)
നീണ്ട 68 ദിവസത്തെ ഉപവാസവ്രതം അനുഷ്ഠിച്ച 13കാരി മരിച്ചു. ജൈന്‍ മതവിശ്വാസിയായ 13കാരി ആരാധ്യയാണ് മരിച്ചത്. എട്ടാം ക്ലാസുകാരിയായ
ആരാധ്യ ജൈന്‍ പുണ്യമാസമായ ‘ചൌമാസ’യിലാണ് വ്രതമെടുത്തിരുന്നത്. 68 ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് രണ്ട് ദിവസങ്ങള്‍ക്കകം ആരാധ്യയെ ആശുപത്രിയിലാക്കുകയും ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നെന്നും ആരാധ്യയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബാല തപസ്വി എന്ന ആരാധ്യയെ വിശേഷിപ്പിച്ച ശവസംസ്കാര ഘോഷയാത്രയ്ക്ക് ശോഭായാത്ര എന്നാണ് വിളിച്ചത്. വമ്പിച്ച ജനാവലി ആയിരുന്നു ഈ 13കാരിയുടെ ശവസംസ്കാരത്തിനായി എത്തിയത്. നേരത്തെ, 41 ദിവസത്തെ ഉപവാസം ആരാധ്യ അനുഷ്ഠിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത് ജൈനമതവിശ്വാസികള്ക്കിടയില് പുണ്യപ്രവൃത്തിയായാണ് കണക്കാക്കുന്നത്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഇത്തരത്തിലുള്ള അനുഷ്ഠാനത്തിന് അനുവദിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് സമുദായത്തിലെ ലത ജൈന്‍ പറഞ്ഞു. കൊലപാതകമെന്നോ ആത്മഹത്യയെന്നോ ആണ് ഇതിനെ വിളിക്കേണ്ടതെന്നും ലത വ്യക്തമാക്കി.
ആഭരണ വ്യാപാരികളായ കുടുംബം ആരാധ്യയെ സ്കൂളിൽ പോകുന്നത് പോലും ഉപേക്ഷിച്ചാണ് ഉപവാസം അനുഷ്തിക്കാൻ അനുവദിച്ചത്.