ന്യൂഡല്‍ഹി|
Joys Joy|
Last Updated:
ശനി, 17 ജനുവരി 2015 (17:43 IST)
സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ലീല സാംസണ്‍ രാജിവെച്ചതിനു പിന്നാലെ 12 സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടി രാജിവെച്ചു. അരുന്ധതി നാഗ്, ഇറ ഭാസ്കര്‍ ,ലോറ പ്രഭു, പങ്കജ് ശര്‍മ്മ, രാജീവ് മാസന്ദ്, ശേഖര്‍ബാബു കഞ്ചെര്‍ല, ഷാജി കരുണ്‍ , ശുഭ്ര ഗുപ്ത, ടി ജി ത്യാഗരാജന്‍ ,എം കെ റെയ്ന, അന്‍ജും രജബാലി, നിഖില്‍ ആല്‍വ, മമംഗ് ദയി, എല്‍ കെ പ്രഭു എന്നിവരാണ് ഇന്ന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്.
ചെയര്‍പേഴ്സണ്‍ ഇല്ലാതെ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. അതിനാലാണ് മറ്റംഗങ്ങള്‍ കൂടി രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള സംയുക്ത കത്ത് മന്ത്രാലയത്തിന് നല്‍കിയതെന്ന് ബോര്‍ഡ് അംഗം ഇറാ ഭാസ്കര്‍ അറിയിച്ചു.
അതേസമയം, പുതിയ സെന്‍സര്‍ ബോര്‍ഡിനെ അടുത്തു തന്നെ തെരഞ്ഞെടുക്കുമെന്ന് വാര്‍ത്താവിനിമയ - പ്രക്ഷേപണമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ് അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം ഇടപെടുന്നുവെന്നും വന്‍ അഴിമതി നടക്കുന്നുണ്ടെന്നും ആരോപിച്ച് ആയിരുന്നു ലീല സാംസണ്‍ കഴിഞ്ഞദിവസം രാജിവെച്ചത്.
ദേരാ സച്ചാ സൗദയുടെ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ വിവാദ സിനിമ ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം മറികടന്ന് അപ്പലറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കൂട്ടരാജി.