അഹമ്മദാബാദ്|
Last Modified ശനി, 10 ഡിസംബര്‍ 2016 (13:03 IST)
പ്രതിപക്ഷത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദില്‍ പാല് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്.
നോട്ട് അസാധുവാക്കല്‍ വിഷയത്തേക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എന്നെ പ്രതിപക്ഷം അനുവദിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്നതുകൊണ്ടാണ് എന്നെ അവര്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്. പ്രതിപക്ഷത്തിന്റെ ഈ നിലപാട് കൊണ്ടാണ് എനിക്ക് ഇക്കാര്യങ്ങളൊക്കെ പുറത്തെ വേദികളില്‍ പറയേണ്ടിവരുന്നത് - പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷവുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ അവര്‍ അതിന് അനുവദിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ഈ നിലപാട് രാഷ്ട്രപതിയെപ്പോലും രോഷാകുലനാക്കി - നരേന്ദ്രമോദി വ്യക്തമാക്കി.
പ്രതിപക്ഷത്തിന് തന്നെ എതിര്‍ക്കാമെന്നും എന്നാല്‍ ജനങ്ങളെ ബാങ്കിംഗ് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ധന ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമായി അറിയാമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.