ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 3 ജനുവരി 2010 (17:58 IST)
PRO
PRO
മുംബൈ ഭീകരാക്രമണത്തിന്റെ സഹായി എന്ന് കരുതുന്ന ഹെഡ്ലിയുടെ മൊറോക്കന്‍ ഭാര്യ രണ്ട് തവണ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ഫൈസ ഔതള്ള എന്ന മോറോക്കന്‍ വംശജ മുംബൈ ഭീകരാക്രമണ ലക്ഷ്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് നല്കി എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇവര്‍ ഹെഡ്ലിയെ വിവാഹം ചെയ്തിരുന്നു എങ്കിലും പിന്നീട് വിവാഹബന്ധം വേര്‍പെടുത്തി എന്ന് അന്വേഷണ ഏജന്‍സിയെ ധരിപ്പിച്ചിട്ടുണ്ട്.
2007 ല്‍ കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് വിമാനമാര്‍ഗ്ഗമാണ് എത്തിയത്. അന്ന് 26/11 ആക്രമണ ലക്ഷ്യങ്ങളായിരുന്ന താജ് ഹോട്ടലിലും ട്രൈഡന്റ് ഹോട്ടലിലുമാണ് ഹെഡ്ലിക്കൊപ്പം താമസിച്ചത്. നിരവധി സ്ത്രീകളുമായി ബന്ധമുള്ളതിനാലാണ് താന്‍ വിവാഹമോചനം തേടിയതെന്നും ഇവര്‍ പറയുന്നു.
ഹോട്ടലില്‍ ഹെഡ്ലിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു എന്നും കസബും കൂട്ടുകാരനും ചേര്‍ന്ന് വെടിവയ്പ് നടത്തിയ സിഎസ്ടിയിലും അയാള്‍ തന്നോടൊപ്പം സന്ദര്‍ശനം നടത്തിയെന്നും ഫൈസ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
2008 മെയില്‍ വാഗാ അതിര്‍ത്തി വഴി എത്തിയ ഇവര്‍ മണാലിയിലേക്ക് പോയി. അവിടെ ജൂത കേന്ദ്രത്തിനു സമീപമാണ് താമസിച്ചത് എന്നും കുര്‍ഫി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും ഇവര്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു.
എന്നാല്‍, പാകിസ്ഥാന് പാസ്പോര്‍ട്ടോ ഇന്ത്യന്‍ പാസ്പോര്‍ട്ടോ ഉള്ളവര്‍ക്ക് മാത്രമേ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാനാവൂ എന്നിരിക്കെ ഇവര്‍ എങ്ങനെ വാഗയിലൂടെ ഇന്ത്യയിലെത്തി എന്ന ചോദ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്.