കാമ്പസിനുള്ളിലെ വീട്ടില്‍ വച്ച് സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്ന് ആരോപിച്ച് അലിഗഡ് മുസ്ലീം സര്‍വകലാശാല ഒരു വകുപ്പ് മേധാവിയെ സസ്പെന്‍ഡ് ചെയ്തു. സര്‍വകലാശാലയിലെ മോഡേണ്‍ ലാംഗ്വേജ് വകുപ്പ് മേധാവി ശ്രീനിവാസ് രാമചന്ദ്ര സിരാസിനെതിരെയാണ് ആരോപണം.
ഉഭയകക്ഷി സമ്മതത്തോടെ മുതിര്‍ന്നവര്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ച ശേഷമാണ് അലിഗഡ് സര്‍വകലാശാല വകുപ്പ് മേധാവിക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാമ്പസിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്നതാണ് ശ്രീനിവാസിനെതിരെയുള്ള കുറ്റം. അറുപത്തിനാലുകാരനായ പ്രഫസര്‍ ഈ വര്‍ഷം വിരമിക്കാനിരിക്കെയാണ് ആരോപണ വിധേയനാവുന്നത്.
ഫെബ്രുവരി എട്ടിന് ശ്രീനിവാസിന്റെ മുറിയിലേക്ക് കടന്നുകയറിയ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് അദ്ദേഹവും റിക്ഷ വലിക്കുന്നയാളും തമ്മിലുള്ള അനാശാസ്യ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. എന്നാല്‍, പ്രഫസര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു.
താന്‍ സര്‍വകലാശാല വിട്ടുതന്ന വീട് ഒഴിയുകയാണെന്നും തനിക്ക് എതിരെയുള്ള പരാതി അസംബന്ധമാണെന്നും പ്രഫസര്‍ പറയുന്നു. 1996 ലും തനിക്കെതിരെ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ കഴമ്പില്ലെന്ന് അധികൃതര്‍ക്ക് പിന്നീട് മനസ്സിലായി. ഇപ്പോഴും താന്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നും ശീനിവാസ് പറയുന്നു.