ഇസ്ലാമബാദ്|
WEBDUNIA|
Last Modified വെള്ളി, 22 ജനുവരി 2010 (14:47 IST)
ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു 26/11 മോഡല്‍ ആക്രമണം നടക്കില്ല എന്ന ഉറപ്പ് നല്‍കാന്‍ ആവില്ലെന്ന് പാകിസ്ഥാന്‍. ഇന്ത്യ ഇനിയുമൊരു ഭീകരാക്രമണത്തെ സമചിത്തതയോടെ നേരിട്ടെന്ന് വരില്ല എന്ന യുഎസ് മുന്നറിയിപ്പിനു പിന്നാലെയാണ് പാകിസ്ഥാന്‍ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍ ആഭ്യന്തരമായി ഭീകരാക്രമണങ്ങളെ നേരിടുന്ന അവസരത്തില്‍ 26/11 മോഡലില്‍ മറ്റൊരു ആക്രമണം നടക്കില്ല എന്ന് ഉറപ്പ് നല്‍കാനാവില്ല. ദിവസേനയെന്നോണം രാജ്യത്ത് ഭീകരാക്രമണം നടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണങ്ങള്‍ക്ക് കശ്മീര്‍ പ്രശ്നവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ഗീലാനി, ഭീകരതയെയും സമാധാന ചര്‍ച്ചകളെയും ബന്ധപ്പെടുത്തുന്നത് ഗുണം ചെയ്യില്ല എന്നും പറഞ്ഞു. ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എങ്കിലും മറുഭാഗത്ത് നിന്ന് നിഷേധാത്മക സമീപനമാണ് നേരിടേണ്ടി വരുന്നതെന്നും ഗിലാനി അഭിപ്രായപ്പെട്ടതായി ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യക്ക് നേരെ ഇനിയുമൊരു 26/11 മോഡല്‍ ആക്രമണമുണ്ടായാല്‍ അത് മേഖലയില്‍ ഒരു യുദ്ധത്തിനു വഴിവച്ചേക്കാമെന്ന് ഗേറ്റ്സ് തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു.