കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. കല്‍മാഡിയെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കോടതി വളപ്പില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന ഒരാള്‍ കല്‍മാഡിക്ക് നേരെ ചെരുപ്പ് എറിയുകയായിരുന്നു.
ചെരുപ്പ് കല്‍മാഡിയുടെ ശരീരത്ത് പതിച്ചില്ല. എന്നാല്‍, എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പത് വയസ്സുള്ള ഇയാള്‍ മധ്യപ്രദേശ് സ്വദേശിയാണ്. എന്നാല്‍, ആക്രമണം നടത്തിയതിന് കാരണമെന്തെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ കല്‍മാഡിയുടെ പോസ്റ്ററില്‍ ചെരിപ്പ് ഉപയോഗിച്ച് അടിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കിയ കല്‍മാഡിയെ എട്ട് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.
ഗെയിംസ് ദീപ ശിഖാ പ്രയാണം, സ്കോര്‍ ബോര്‍ഡ് തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള കരാറുകളിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് കല്‍മാഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് കഴിഞ്ഞ ഉടന്‍ കല്‍മാഡിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.