ഗദ്ദാഫിയുടെ പാര്‍പ്പിട സമുച്ചയത്തില്‍ ആക്രമണം

ട്രിപ്പോളി| WEBDUNIA|
PRO
വിമാനവേധ തോക്കുകളാല്‍ സംരക്ഷിതമായ ലിബിയന്‍ പ്രസിഡന്റ് ഗദ്ദാഫിയുടെ പാര്‍പ്പിട സമുച്ചയത്തിനു നേര്‍ക്കും സഖ്യസേനയുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഒരു കെട്ടിടം നിലം‌പൊത്തി.

ആക്രമണം ശക്തമായതോടെ ഞായറാഴ്ച ഗദ്ദാഫിയുടെ സൈന്യം വീണ്ടും ഒരു വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍, പുതിയ ആഹ്വാനം മുഖവിലയ്ക്കെടുക്കാന്‍ സാധിക്കില്ല എന്ന് യുഎസ് പ്രതികരിച്ചു.

അതേസമയം, വാക്കുപാലിക്കുമെന്നാണ് കരുതുന്നത് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലിബിയന്‍ സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നതിനാല്‍ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട് എന്നും മൂണ്‍ വ്യക്തമാക്കി.

ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന ടെന്റിന് 50 മീറ്റര്‍ മാത്രം അകലെയായിരുന്നു മിസൈല്‍ ആക്രമണത്തില്‍ നിലം‌പൊത്തിയ കെട്ടിടം. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് 400 മീറ്റര്‍ മാത്രം അകലെ ഗദ്ദാഫിയുടെ വസതിയില്‍ നിരവധി പൊതുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്ന അവസരത്തിലായിരുന്നു ആക്രമണം നടന്നത്.

എന്നാല്‍, ഗദ്ദാഫിയെയോ അദ്ദേഹത്തിന്റെ വസതിയോ ആക്രമണ ലക്‍ഷ്യമാക്കിയിട്ടില്ല എന്നാണ് യുഎസിന്റെ വിശദീകരണം. വെള്ളിയാഴ്ചയും ഗദ്ദാഫി ഭരണകൂടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം തുടര്‍ന്നതിനാല്‍ സഖ്യസേനയുടെ നേതൃത്വത്തില്‍ തിരിച്ചടി ആരംഭിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :