സിഗരറ്റ് വലിച്ചാല്‍ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല!

ജയ്പൂര്‍| WEBDUNIA|
PTI
PTI
സിഗരറ്റ് വലിച്ചാല്‍ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല. രാജസ്ഥാനിലാണ് പുതിയ നിയമം നിലവില്‍ വന്നത്. സിഗരറ്റ് വലിക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും രാജസ്ഥാനില്‍ സര്‍ക്കാര്‍ ജോലി ഇനി ലഭിക്കില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അയച്ചു.

സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന സമയത്ത് പുകവലിക്കുകയോ ഗുഡ്ക ഉപയോഗിക്കുകയോ ഇല്ല എന്ന ഉറപ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം.ഒക്ടോബര്‍ 4ന് പുറത്തിറക്കിയ സര്‍ക്കുലറിന്റെ ഒരു കോപ്പി ഗവര്‍ണര്‍, രാജസ്ഥാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സെക്രട്ടറി, രാജസ്ഥാന്‍ വിധാന്‍ സഭ ആന്‍ഡ് രജിസ്ട്രാറര്‍, ജയ്പൂരിലെ രാജസ്ഥാന്‍ ഹൈക്കോടതി എന്നിവിടങ്ങളിലേക്കും അയച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തിലൊരു ഉറപ്പ് വാങ്ങണമെന്ന് സംസ്ഥാനതല പുകയില നിയന്ത്രണ കമ്മിറ്റി കഴിഞ്ഞ വര്‍ഷം നവംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത്തരത്തിലൊരു നടപടി തുടക്കത്തില്‍ തന്നെ പുകവലി ഉപേക്ഷിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുമെന്നും കമ്മിറ്റി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റചട്ടങ്ങള്‍ നിലവില്‍ വന്ന ദിവസം തന്നെയാണ് സര്‍ക്കുലര്‍ ഇറക്കിയത്.

പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിന് ഇത്തരത്തിലൊരു നടപടി ഇന്ത്യയില്‍, ചിലപ്പോള്‍ ലോകത്തില്‍ തന്നെ ആദ്യമായായിരിക്കും സ്വീകരിക്കുന്നതെന്ന് പുകയില നിയന്ത്രണ ബോര്‍ഡിലെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ സുനില്‍ സിംഗ് പറഞ്ഞു. ഉറപ്പ് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും സുനില്‍ പറഞ്ഞു. ദേശീയ ക്യാന്‍സര്‍ രജിസ്ട്രിയുടെ കണക്കുകള്‍ പ്രകാരം പുകയില ഉപയോഗിക്കുന്ന 50 ശതമാനം പുരുഷന്മാര്‍ക്കും 20 ശതമാനം സ്ത്രീകള്‍ക്കും ക്യാന്‍സര്‍ പിടിപെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :