സിംഗൂര്‍ ഭൂമി മടക്കി നല്‍കാനുള്ള നിയമം റദ്ദാക്കിയ കല്‍ക്കത്ത ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും ടാറ്റ മോട്ടേഴ്സിനും നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ആശ്വാസം നല്കുന്ന വിധിയാണിത്. സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മമത പ്രതികരിച്ചു.
സിംഗൂരില്‍ നാനോ ഫാക്റ്ററി നിര്‍മിക്കാന്‍ ടാറ്റയ്ക്കു വിട്ടുകൊടുത്ത 400 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് തൃണമൂല്‍ സര്‍ക്കാര്‍ നിയമം പാസാക്കിയത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ടാറ്റ അനുകുല വിധി സമ്പാദിക്കുകയായിരുന്നു. തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് ടാറ്റയ്ക്ക് നാനോകാര്‍ നിര്‍മ്മിക്കാന്‍ 997 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്. എന്നാല്‍ ഭൂമി നല്കിയ 2000 ഓളം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമത 400 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഭൂമി അവര്‍ക്ക് മടക്കി നല്‍കുമെന്ന് മമത വ്യക്തമാക്കി.