സഹോദരിയുടെ അശ്ലീല പ്രൊഫൈല്‍; യുവതി അറസ്റ്റില്‍

ചെന്നൈ| WEBDUNIA|
PRO
മൂത്ത സഹോദരിയുടെ അശ്ലീല പ്രൊഫൈല്‍ തയ്യാറാക്കി ഓര്‍ക്കുട്ടില്‍ പോസ്റ്റ് ചെയ്ത യുവതിയെ മൈലാപ്പൂരില്‍ അറസ്റ്റ് ചെയ്തു. റാണി എന്ന 27 വയസ്സുകാരിയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

റാണിയുടെ മൂത്ത സഹോദരി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായത്. 2009 - ല്‍ ആണ് അശ്ലീല പ്രൊഫൈല്‍ അപ്‌ലോഡ് ചെയ്തത്. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ കട നടത്തുകയായിരുന്ന 39 വയസ്സുള്ള സഹോദരിയുടെ അശ്ലീല പ്രൊഫൈലാണ് റാണി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനായി സാമൂഹിക സൈറ്റില്‍ ഇട്ടത്.

പ്രൊഫൈലില്‍ റാണിയുടെ സഹോദരിയുടെ കടയുടെ നമ്പരും നല്‍കിയിരുന്നു. കടയിലേക്ക് അനാവശ്യ കോളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് റാണിയുടെ ചതിയെ കുറിച്ച് സഹോദരി മനസ്സിലാക്കുന്നത്. കന്യാകുമാരിയില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. തുടര്‍ന്ന്, 2010 -ല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

പൊലീസ് അന്വേഷണം ഇടയ്ക്ക് മന്ദഗതിയിലായി എങ്കിലും പഴയ കേസുകള്‍ പൊടിതട്ടിയെടുത്തതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ചൂടുപിടിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രൊഫൈല്‍ പോസ്റ്റ് ചെയ്ത ഐപി വിലാസം മൈലാപ്പൂരിലേതാണെന്നും അത് റാണിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള ഇന്റര്‍നെനെറ്റ് കണക്ഷന്റേത് ആണെന്നും മനസ്സിലായി. തുടര്‍ന്ന് റാണിയെ അറസ്റ്റ് ചെയ്തു. സഹോദരിയുമായുള്ള വസ്തു തര്‍ക്കമാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :