ഷായെ മൂന്ന് ദിവസം ചോദ്യം ചെയ്യും

അഹമ്മദാബാദ്| WEBDUNIA| Last Modified ബുധന്‍, 28 ജൂലൈ 2010 (08:29 IST)
സൊഹ്‌റാബുദ്ദീന്‍ വ്യാ‍ജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ ബുധനാഴ്ച ചോദ്യം ചെയ്ത് തുടങ്ങും. മൂന്ന് ദിവസമായിരിക്കും ഷായെ ചോദ്യം ചെയ്യലിനു വിധേയമാക്കുക.

ഷായെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കും ചോദ്യം ചെയ്യുന്നത്. ഒരു ജുഡീഷ്യല്‍ ഓഫീസറിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

ഇതിനിടെ, സൊഹ്‌റാബുദ്ദീനെയും ഭാര്യ കൌസുര്‍ബിയെയും താമസിപ്പിച്ചിരുന്നു എന്ന് കരുതുന്ന അര്‍ഹം ഫാമിന്റെ ഉടമ രാജേന്ദ്ര ജിരാവാലയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 2005 ല്‍ ഹൈദരാബാദില്‍ നിന്ന് സാംഗ്ലിയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സൊഹ്‌റാബുദ്ദിനെയും ഭാര്യയെയും ഗുജറാത്ത് പൊലീസ് പിടികൂടിയത്. പിന്നീട്, ഇവരെ അര്‍ഹം ഫാമില്‍ താമസിപ്പിക്കുകയും വെടിവച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ആരോപണം.

ഇവരെ പിടികൂടിയ ഉന്നത പൊലീസ് ഓഫീസര്‍മാര്‍ അമിത് ഷായുമായി നിരന്തരം ടെലഫോണില്‍ ബന്ധപ്പെട്ടിരുന്ന രേഖകള്‍ കൈവശമുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. അമിത്ഷായെ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :