ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. സൈനിക വാഹനത്തിന് നേരെ തീവ്രവാദികള്‍ റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച വൈകുന്നേരം ശ്രീനഗര്‍ പട്ടണത്തിന് പുറത്തെ ബെമിനയിലൂടെ സൈനിക വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചൊവ്വാഴ്ച ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. ശ്രീനഗര്‍ വിമാനത്താവളത്തിലേക്കുള്ള റോഡിലാണ് സംഭവം. അക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.
വെടിവെയ്പുണ്ടായി ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശം സൈന്യം വളഞ്ഞു. ഇതിനിടെ ഒരു തീവ്രവാദിയെ പിടികൂടിയതായായും റിപ്പോര്‍ട്ടുണ്ട്. കശ്മീരിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന റെയില്‍പാത ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്.