വീണ്ടും പാക് സേനയുടെ അക്രമം, അതിര്‍ത്തിയില്‍ വെടിവയ്പ്, സ്ഥിതി ഗുരുതരം

ശ്രീനഗര്‍| WEBDUNIA|
PTI
ഇന്ത്യയുടെ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ് പാകിസ്ഥാന്‍ വകവച്ചില്ല. അവര്‍ അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുകയാണ്. ജമ്മു - കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് സൈനികര്‍ ഇന്ത്യന്‍ സേനാ പോസ്റ്റിനുനേരെ വീണ്ടും വെടിയുതിര്‍ത്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് വെടിവയ്പ്പുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന്‌ മണി വരെ വെടിവയ്പ് നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പൂഞ്ച്‌ സെക്ടറില്‍ ദുര്‍ഗാ പോസ്റ്റിലെ നിയന്ത്രണ രേഖയിലേക്കാണ് പാക്‌ സൈന്യം തുടര്‍ച്ചയായി വെടിവച്ചത്. പാകിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി വെടിവച്ചപ്പോള്‍ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു‌. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അതിര്‍ത്തിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അവിടെനിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച ചകന്‍ ദ ബാഗിലെ സര്‍ല പോസ്റ്റിലേക്ക് കടന്നുകയറി പാക്‌ സൈന്യം അഞ്ച്‌ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. “സംയമനം ഇന്ത്യയുടെ ദൌര്‍ബല്യമല്ല” എന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി ഈ സംഭവത്തെ പരാമര്‍ശിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കാറ്റില്‍ പറത്തിയാണ് പാക് സൈന്യം വീണ്ടും പ്രകോപനം നടത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :