വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധവും വിവാഹമെന്ന വിധിക്ക് ജഡ്ജിയുടെ വിശദീകരണം

ചെന്നൈ| WEBDUNIA|
PTI
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹമായി പരിഗണിക്കാമെന്ന വിധി വിവാദമായ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ബുധനാഴ്ച വിശദീകരണക്കുറിപ്പ് പുറപ്പെടുവിച്ചു. തന്റെ വിധിയുമായി ബന്ധപ്പെട്ട് ഒരു ജഡ്ജി വിശദീകരണക്കുറിപ്പ് പുറത്തിറക്കുന്നത് അത്യപൂര്‍വമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

18 വയസ്സായ സ്ത്രീയും 21 വയസ്സായ പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹ ബന്ധമായി പരിഗണിക്കാമെന്നായിരുന്നു വിധിയിലെ മുഖ്യ നിരീക്ഷണം. ലൈംഗികബന്ധത്തില്‍ നിന്ന് യുവതി ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ അത് വിവാഹത്തിന് തുല്യമാണെന്ന് പറഞ്ഞ കോടതി ഗര്‍ഭമില്ലെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിവുണ്ടെങ്കില്‍ അതും വിവാഹബന്ധമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

'താലികെട്ട്, മാല‍, മോതിരം അണിയിക്കല്‍, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയ ചടങ്ങുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ മാത്രമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതും വിവാഹബന്ധമായി കണക്കാക്കപ്പെടണം.'

ലൈംഗിക ചൂഷണത്തിനിരയാവുന്ന സ്ത്രീകളുടെ രക്ഷയ്ക്കും ഇന്ത്യയുടെ സാംസ്‌കാരിക അഖണ്ഡത നിലനിര്‍ത്തുന്നതിനുംവേണ്ടിയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതങ്ങള്‍ക്കെതിരെയോ ഇന്ത്യക്കാരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തണമെന്നോ ഉദ്ദേശിച്ചുള്ള വിധിയല്ല ഇത്. വിവാഹം എന്ന സംവിധാനത്തെയോ അതുമായി ബന്ധപ്പെട്ട മതപരമായ അനുഷ്ഠാനാചാരങ്ങളെയോ വിലകുറച്ച് കാണുകയെന്ന ഉദ്ദേശ്യവും ഈ വിധിക്കില്ലെന്നും ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു .

തന്നെ വഞ്ചിക്കുന്ന കാമുകനെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് നിയമപ്രകാരം സ്ത്രീക്കാവും. എന്നാല്‍ പരിഹാരം തേടി ഒരു സിവില്‍ ഫോറത്തെ സമീപിക്കുന്നതിന് സ്ത്രീക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഹൈക്കോടതി ഭരണഘടനാപരമായി അധികാരമുള്ള, സംസ്ഥാനത്തെ പരമോന്നത കോടതിയാണ്. അതുകൊണ്ട് ബാധിക്കപ്പെട്ട സ്ത്രീക്ക് നിയമപരമായ ആശ്വാസം നല്കുകയാണ് കോടതി ചെയ്യുന്നത്.

വിധി പൂര്‍ണമായും മനസ്സിലാക്കാതെ വിരുദ്ധാഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാന്‍ പാടില്ല. വ്യത്യസ്ത സമുദായങ്ങളുടെ മതാചാരങ്ങള്‍ക്കോ സാംസ്‌കാരിക താത്പര്യങ്ങള്‍ക്കോ എതിരല്ല വിധി. ഇന്ത്യന്‍ സംസ്‌കാരവും സ്ത്രീക്ഷേമവും സംരക്ഷിക്കുന്നതിനായി വിശദമായ വിശകലനത്തിനുശേഷം പുറപ്പെടുവിച്ചിട്ടുള്ള വിധിയാണിത് ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :