വരുന്നു നാശത്തിന്റെ ദിനങ്ങള്‍: ‘സൂര്യന്‍ ഇരുണ്ടുതുടങ്ങും, ചന്ദ്രന്‍ ചോരയുടെ നിറമണിയും’
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
നാശത്തിന്റെ ദിനങ്ങള്‍ വരുന്നു. വിശ്വാസികള്‍ ഭയക്കുന്ന ആ ദിനങ്ങള്‍ വരികയാണ്. അപൂര്‍വ ജ്യോതിശാസ്‌ത്ര പ്രതിഭാസമായ രക്തചന്ദ്ര പരമ്പരയിലെ ആദ്യ ഉദയത്തെയാണ് ഇത്തരത്തില്‍ ഭയപ്പാടോടെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കാണുന്നത്. ആദ്യ ഉദയം വിഷു ദിനമായ ഏപ്രില്‍ 15ന് നടക്കും. നാല് സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ അടങ്ങുന്ന ടെട്രാഡ് (ചതുര്‍ഗ്രഹണം) എന്ന പ്രതിഭാസം ഈ നൂറ്റാണ്ടില്‍ എട്ടു തവണ സംഭവിക്കുമെന്ന് ശാസ്ത്ര പ്രവചനം.
ക്രൈസ്തവ വിശ്വാസമനുസരിച്ച് നാശത്തിന്റെ ദിനങ്ങളെയാണ് രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ വിളംബരം ചെയ്യുന്നത്. ബൈബിള്‍ വാചകങ്ങളാണ് ഇതിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കുന്നത്. ബൈബിള്‍ പറയുന്നു: “ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുന്പ് സൂര്യന്‍ ഇരുണ്ടുതുടങ്ങും, ചന്ദ്രന്‍ ചോരയുടെ നിറമണിയും“. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നും പറയുന്നു.
സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവക്കുന്ന പ്രതിഭാസം (Blood Moon) ഏപ്രില്‍ 14, 15 തിയതികളില്‍ ദൃശ്യമാകും. 2014 ഏപ്രില്‍, ഒക്ടോബര്‍, 2015 ഏപ്രില്‍, സെപ്റ്റംബര്‍ എന്നിവയാണ് സമ്പൂര്‍ണമായ ചതുര്‍ ചന്ദ്രഗ്രഹണങ്ങള്‍ അരങ്ങേറുന്ന ദിനങ്ങള്‍. ഇതില്‍ ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂര്‍വം. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് രക്ത ചന്ദ്രനായി മാറുന്നത്.
ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചുള്ള ചതുര്‍ഗ്രഹണങ്ങള്‍ 2001നും 2100-നുമിടയ്ക്ക് എട്ടുതവണയാണ് സംഭവിക്കുന്നത്. ഒരു നൂറ്റാണ്ടില്‍ ഇത്രയും ചതുര്‍ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ ചതുര്‍ഗ്രഹണം 1967-68 വര്‍ഷങ്ങളിലാണ് സംഭവിച്ചത്. ഈ നൂറ്റാണ്ടിലെ ആദ്യത്തേത് 2003-04 വര്‍ഷങ്ങളിലും.
വിശ്വാസികളുടെ ചങ്കിടിപ്പേറുമെങ്കിലും ശാസ്ത്രലോകം അത്യന്തം കൌതുകത്തോടെയാണ് പ്രതിഭാസത്തെ കാണുന്നത്.