രണ്ടാം ഇന്നിംഗ്സ് വിജയം: ചിദംബരം

കോയമ്പത്തൂര്‍| WEBDUNIA|
WD
WD
ആദ്യ യുപി‌എ സര്‍ക്കാരിന് ചില പിഴവുകള്‍ പറ്റിയെന്നും എന്നാല്‍ സര്‍ക്കാരിന്റെ രണ്ടാം ഇന്നിംഗ്സില്‍ ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.75-8 ശതമാനമാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കോയമ്പത്തൂരില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സംബന്ധിക്കവെ പറഞ്ഞു.

രാജ്യത്ത് നിന്ന് ഭീകരതയും ആക്രമണ സംഭവങ്ങളും തുടച്ചുനീക്കി വളര്‍ച്ചാ നിരക്ക് 9% ആക്കാനും വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 14 മാസങ്ങളായി രാജ്യത്ത് ഭീകരാ‍ക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും ഉണ്ടായിട്ടില്ല. ഇത് സാമ്പത്തികവളര്‍ച്ചയുണ്ടാക്കുകയും ഒപ്പം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണകരമാവുകയും ചെയ്തുവെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക നയം കാരണം ആഗോള സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാന്‍ സാധിച്ചു. ഇന്ത്യന്‍ നയങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പ്രശംസ ലഭിച്ചു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലം അവസാനിക്കുമ്പോഴേക്കും ഭക്‍ഷ്യ സുരക്ഷയും വിദ്യാഭ്യാസ സുരക്ഷയും ഉറപ്പാക്കും.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് സൈനിക, അര്‍ദ്ധ-സൈനിക വിഭാഗങ്ങളില്‍ ഉള്‍പ്പെടെ മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. മുസ്ലീം മതം വൈദേശികമല്ലെന്നും ബുദ്ധമതത്തെ പോലെയും ഹിന്ദുമതത്തെ പോലെയുമാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :