ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 15 മെയ് 2015 (14:29 IST)
ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി. വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ 25 വയസ്സുള്ള റുബീന എന്ന യുവതിയെയാണ് ഭര്‍ത്താവ് തീ കൊളുത്തിയത്.
ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റ യുവതിയെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോണിയിലെ വീട്ടില്‍ നിന്നും ഭാര്യയെ ബലമായി വലിച്ചിഴച്ചുകൊണ്ടു വന്നാണ് ഭര്‍ത്താവ് റയീസ് ഖാന് മണ്ണെണ്ണയൊഴിച്ച് ഭാര്യയെ തീ കൊളുത്തിയത്. സംഭവത്തിനു ശേഷം റയീസ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
അതേസമയം, റയീസ് ഖാന്റെ ശ്രമത്തെ തടയാന്‍ ആരും ശ്രമിച്ചില്ലെന്നും പൊലീസ് എത്തുമ്പോള്‍ യുവതിയുടെ ദേഹത്തു പടര്‍ന്ന തീ കെടുത്താന്‍ ശ്രമിക്കുന്ന നാട്ടുകാരെയാണ് കണ്ടെതെന്നും പൊലീസ് പറഞ്ഞു. വിവാഹിതരായി ആറുവര്‍ഷം കഴിഞ്ഞ ഇവര്‍ കഴിഞ്ഞ ആറുമാസമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.