മുംബൈ|
WEBDUNIA|
Last Modified ശനി, 30 ജനുവരി 2010 (11:06 IST)
പ്രമുഖ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിക്കെതിരെ ശിവസേന രംഗത്ത്. മുംബൈ എല്ലാ ഇന്ത്യക്കാരുടെയുമാണെന്ന മുകേഷ് അംബാനിയുടെ പ്രസ്താവനയെ ബാല്‍ താക്കറെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മുകേഷിന്റെ പിതാവ് ധീരുഭായ് അംബാനിക്ക് മഹാരാഷ്ട്രയോട് എക്കാലത്തും കൃതജ്ഞത ഉണ്ടായിരുന്നു എന്നും മുകേഷും ആ നിലപാട് പിന്തുടരണം എന്നും സേനാ തലവന്‍ ഉപദേശിച്ചു.
ഐപിഎല്ലില്‍ നിന്ന് പാകിസ്ഥാന് കളിക്കാരെ തഴഞ്ഞതിനെതിരെ നിലപാട് എടുത്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ‘മൈ നെയിം ഈസ് ഖാന്’ എന്ന സിനിമയുടെ പ്രദര്‍ശനം തടയുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ പ്രസ്താവനയെയും സേന വിമര്‍ശിച്ചത്. അംബാനിക്ക് റിലയന്‍സ് സാമ്രാജ്യത്തിനുമേല്‍ ഉള്ള അവകാശം പോലെ മഹാരാഷ്ട്രീയര്‍ക്ക് മുംബൈയ്ക്ക് മേലും അവകാശമുണ്ട് എന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യില്‍ താക്കറെ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മുംബൈ തലസ്ഥാനമാക്കി മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കാന്‍ വേണ്ടി മഹാരാഷ്ട്ര സംയുക്തസമിതിയുടെ പ്രക്ഷോഭത്തില്‍ 150 പേരുടെ ജീവന് സമര്‍പ്പിക്കപ്പെട്ട സംഭവം താക്കറെ തന്റെ ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഇത് മഹാരാഷ്ട്രക്കാരുടെ ആത്മാഭിമാനത്തിന്റെ കാര്യമാണെന്നും അതില്‍ ആര്‍ക്കും മാറ്റം വരുത്താന്‍ സാധിക്കില്ല എന്നും ലേഖനത്തിലൂടെ ശിവസേന നേതാവ് പറയുന്നു.
മഹാരാഷ്ട്രയിലെ സ്ഥിരതാമസക്കാര്‍ക്കു മാത്രമേ മുംബൈയില്‍ ടാക്സി പെര്‍മിറ്റ് നല്‍കൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ലണ്ടനില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ വച്ച് മുകേഷ് വിമര്‍ശിച്ചിരുന്നു. മുംബൈയും, കൊല്‍ക്കത്തയും, ചെന്നൈയുമെല്ലാം എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും മുകേഷ് അഭിപ്രായപ്പെട്ടിരുന്നു.