നഗരത്തില്‍ ഡോക്യാര്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപം നാലുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. കൂടുതല്‍ പേര് ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പറയുന്നത്.
46 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കും. പരുക്കേറ്റ 32 പേര് ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലാണ്. 33 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തില്‍ 22 കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. കെട്ടിടം തകരുമ്പോള്‍ മിക്കവരും നല്ല ഉറക്കത്തിലുമായിരുന്നു. 12 ഫയര്‍ എന്‍ജിനുകളും നാല് ആംബുലന്‍സുകളും സ്ഥലത്തെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മരിച്ചവരുടെ കുടുംബത്തിന് കോര്പ്പറേഷന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചിട്ടുണ്ട്. വീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി നോട്ടീസ് നല്കി ആളുകളെ ഒഴിപ്പിക്കുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കെട്ടിടമാണ് നിലംപതിച്ചത്.