റായ്പൂര്‍|
WEBDUNIA|
Last Modified ബുധന്‍, 7 ജൂലൈ 2010 (09:09 IST)
മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഭാരത് ബന്ദ് ബുധനാഴ്ച ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് ബന്ദിന്റെ പ്രതിഫലനമുള്ളത്.
ആന്ധ്രയിലെ അഡിലബാദില് വ്യാജ ഏറ്റുമുട്ടലിലൂടെ മാവോ വക്താവ് ആസാദ് എന്ന രാജ്കുമാറിനെയും ഹേം ചന്ദ് പാണ്ഡെ എന്ന ഫ്രീ ലാന്‍സ് പത്രപ്രവര്‍ത്തകനെയും വധിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നതെന്ന് മാവോയിസ്റ്റ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനു പുറമെ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒറീസ്സ, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ച് ദിവസം പ്രതിഷേധമാചരിക്കാനും മാവോകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അവശ്യ സേവനങ്ങളെ ബന്ദിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, ബസ്തര്‍ പ്രദേശത്തു കൂടിയുള്ള ചരക്ക് തീവണ്ടികളെയാവും തങ്ങള്‍ ലക്ഷ്യമിടുക എന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദണ്ഡേവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള ചരക്ക് തീവണ്ടി ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നും മാവോ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മാവോ ബന്ദിനെ തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റയില്‍വെയോട് ആവശ്യപ്പെട്ടു. ഇതെതുടര്‍ന്ന്, മാവോ ഭീഷണിയുള്ള ഇടങ്ങളില്‍ രാത്രികാല സര്‍വീസ് നിര്‍ത്തി വയ്ക്കാനും സര്‍വീസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റ് എഞ്ചിന് ഓടിക്കാനും റയില്‍വെ ഉത്തരവിട്ടു.