ദയാനിധി മാരന് ടെലികോം മന്ത്രിയായിരുന്ന സമയത്ത് എയര്‍ സെല്‍ മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഒരു മലേഷ്യന്‍ കമ്പനിയില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഗ്രൂപ്പ് 700 കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. ഇതെ കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
എയര്‍സെല്‍ കമ്പനിക്ക് വഴിവിട്ടാണ് 2 ജി ലൈസന്‍സ് അനുവദിച്ചത്. മാരന് ചെയ്ത സഹായത്തിനു പകരമായാണ് എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമായുള്ള ‘മാക്സിസ്’ ഗ്രൂപ്പ് 700 കോടി രൂപ സണ്‍ ഗ്രൂപ്പിന് കൈമാറിയത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാക്സിസ് ഗ്രൂപ്പിന് എയര്‍സെല്ലില്‍ 74 ശതമാനം ഓഹരികളാണ് ഉള്ളത്. ഇന്ത്യയിലെ ഏഴാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് എയര്‍സെല്‍.
2ജി വിവാദത്തില്‍പ്പെടുന്ന മൂന്നാമത്തെ ഡിഎംകെ നേതാവാണ് മാരന്. 2ജി ലൈസന്‍സ് വിവാദത്തില്‍പ്പെട്ട മുന്‍ ടെലികോം മന്ത്രി എ രാജയും ലോക്സഭാ എംപി കനിമൊഴിയും ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്.
2004 വരെ എയര്‍സെല്ലിന് രണ്ട് ലൈസന്‍സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2006 ഡിസംബറില്‍, മാരന് ടെലികോം മന്ത്രിയായിരിക്കുന്ന സമയത്ത്, കമ്പനിക്ക് 14 സര്‍ക്കിളുകള്‍ കൂടി അനുവദിച്ചിരുന്നു.