ദുര്‍മന്ത്രവാദം ചെയ്യുന്നു എന്ന് ആരോപിച്ച് രണ്ട് കുടുംബത്തിലെ എട്ട് പേരെ വിസര്‍ജ്ജ്യം തീറ്റിക്കുകയും നാടുചുറ്റിക്കുകയും ചെയ്തു! ഒറീസയിലെ ദിയോഗഡ് ജില്ലയിലാണ് സംഭവം നടന്നത്. പീഡനത്തിരയാവര്‍ സ്വന്തം വീടുപേക്ഷിച്ച് പോയിരിക്കുകയാണ്.
സുനാമുണ്ട ഹൈസ്കൂളില്‍ പരീക്ഷയെഴുതാന്‍ പോയ 13 വിദ്യാര്‍ത്ഥിനികള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങിയതും പരീക്ഷ എഴുതാന്‍ വിസമ്മതിച്ചതുമാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ ഡോക്ടര്‍മാരുടെ അടുത്ത് എത്തിച്ചു എങ്കിലും രോഗം ഭേദമായില്ല എന്നും ഭൈരവി പീഠത്തില്‍ എത്തിച്ച് പൂജകള്‍ നടത്തിയപ്പോഴാണ് സംഭവങ്ങള്‍ സാധാരണഗതിയിലായത് എന്നും ഗ്രാമവാസികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ശരീരത്ത് ബാധ കയറിയതാണെന്ന് ഇവരെ ചില മന്ത്രവാദികള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന്, പെണ്‍കുട്ടികള്‍ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്യുന്നു എന്ന് ആരോപിച്ച് ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പന്നിയുടെയും മനുഷ്യന്റെയും വിസര്‍ജ്ജ്യം തീറ്റിക്കുകയായിരുന്നു. വിസര്‍ജ്ജ്യം തീറ്റിക്കുന്നതിലൂടെ ഇവരുടെ മാന്ത്രിക ശക്തികള്‍ കുറയും എന്നാണ് നാട്ടുകാര്‍ കരുതുന്നത്. പീഡനത്തിരയാവരില്‍ ഒരു പെണ്‍കുട്ടി മന്ത്രവാദ യന്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട് എന്ന് കരുതി നഗ്നയാക്കി ശരീര പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.