മധ്യപ്രദേശിലെ മദ്രസകളില്‍ ഭഗവദ്ഗീത നിര്‍ബന്ധിതമാക്കുന്നു. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഉറുദു പാഠപുസ്തകങ്ങളില്‍ ഭഗവദ്ഗീതയിലെ അധ്യായങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന വിവാദ ഉത്തരവ് ആഗസ്റ്റ് ഒന്നിനാണ് പുറത്തിറങ്ങിയത്. വിദ്യാഭ്യാസം കാവിവല്ക്കരിക്കപ്പെടുന്നുവെന്ന് പരാതി ഉയരുന്നതിനിടെയാണ് വിവാദ തീരുമാനം. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ട കമ്മിറ്റി പ്രതികരിച്ചു. വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
9ാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെയുള്ള ഹിന്ദി പാഠപുസ്തകത്തില്‍ കഴിഞ്ഞ മാസം ഭഗവദ്ഗീത ഉള്‍പ്പെടുത്തിയിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലും ഭഗവദ്ഗീതയിലെ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭഗവദ്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശിവരാജ് സിംങ് ചൗഹാന് സര്‍ക്കാരിന്റെ നടപടിക്കെതിരെ നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പിന്നാലെയാണ് ഉറുദു പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത നിര്‍ബന്ധമാക്കിയത്. മൂന്ന് വര്‍ഷം മുന്‍പ് സൂര്യനമസ്കാരവും ഭജനയും സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് തെറ്റായ വിധത്തില്‍ എടുക്കരുതെന്നും കാവിവല്‍ക്കരണത്തിന്റെ ഭാഗമായല്ല തീരുമാനമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അര്‍ച്ചന ചിറ്റ്നിസ് വിശദീകരിച്ചു. മതകാര്യമായി ഇതിനെ കാണരുത്. കുട്ടികളില്‍ കര്‍ത്തവ്യബോധം, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് അര്ജുനന് കൃഷ്ണന് നല്കുന്ന ഗീതോപദേശം പഠിപ്പിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.