പിഴയ്ക്ക് രസീത് ചോദിച്ചു; സ്കൂട്ടര്‍ യാത്രികയ്ക്കു നേരെ പൊലീസിന്റെ ഇഷ്‌ടികയേറ്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 11 മെയ് 2015 (15:33 IST)
സ്കൂട്ടര്‍ യാത്രക്കാരിക്കു നേരെ ഡല്‍ഹി ട്രാഫിക് പൊലീസ് ഇഷ്‌ടികയെറിഞ്ഞു. മകളെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്ന യുവതിക്ക് തിങ്കളാഴ്ച രാവിലെയാണ് ഈ അനുഭവം ഉണ്ടായത്. ഗോള്‍ഫ് ലിങ്ക്‌സ് മേഖലയില്‍ ആയിരുന്നു സംഭവം.

ട്രാഫിക് കോണ്‍സ്റ്റബിള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി ലൈസന്‍സും വാഹനവുമായി ബന്ധപ്പെട്ട മറ്റ് രേഖകളും ആവശ്യപ്പെടുകയായിരുന്നു. ഇതിനെച്ചൊല്ലി വാക്കുതര്‍ക്കവും നടന്നു. തുടര്‍ന്നായിരുന്നു ഇഷ്‌ടികയേറ്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ. താന്‍ മകളെ സ്കൂളിലാക്കാന്‍ രാവിലെ സ്കൂട്ടിയില്‍ പോകുകയായിരുന്നു. ട്രാഫിക് കോണ്‍സ്റ്റബില്‍ തന്നോട് ആര്‍ സിയും ലൈസന്‍സും ചോദിച്ചു. തുടര്‍ന്ന് റെഡ് ലൈറ്റ് ക്രോസ് ചെയ്തതിന് 200 രൂപയും ആവശ്യപ്പെട്ടു. പണം നല്കിയപ്പോള്‍ സ്ലിപ് ആവശ്യപ്പെട്ടെങ്കിലും തന്നില്ല. തുടര്‍ന്ന്, തന്റെ സ്കൂട്ടി തട്ടി മറിക്കുകയും തനിക്കു നേരെ ഇഷ്‌ടിക എറിയുകയും ചെയ്തു. താന്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ ബൈക്കില്‍ കയറി പോകുകയും ചെയ്തു.

യുവതിക്കു നേരെ കല്ലെറിഞ്ഞ ട്രാഫിക് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തതായി ഡല്‍ഹി പൊലീസ് കമ്മീഷണന്‍ ബി എസ് ബസ്സി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :