കേരള ബ്ലാസ്റ്റേഴ്സിന് മുന്‍ ഇംഗ്ലണ്ട് താരം പരിശീലനം നല്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 8 മെയ് 2015 (18:22 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് താരമെത്തും. ഇംഗ്ലണ്ട് താരമായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കുപ്പായം ഇനി അണിയുക. ടീം ജനറല്‍ മാനേജര്‍ വീരന്‍ ഡ സില്‍വയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ട്രെവര്‍ മോര്‍ഗന്‍ ടീമിന്റെ സഹപരിശീലകനായി തുടരും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പര്‍ കൂടിയായിരുന്ന ഡേവിഡ് ജയിംസിന് പകരമായാണ് പീറ്റര്‍ ടെയ്‌ലര്‍ പരിശീലക കുപ്പായം അണിയുക.

അറുപത്തിരണ്ടുകാരനായ പീറ്റര്‍ ടെയ്‌ലര്‍ ബഹ്‌റിന്‍ ദേശീയ ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയാണ്. 2011ല്‍ ടെയ്‌ലര്‍ പരിശീലകനായിരിക്കെ ജി സി സി ഗെയിംസില്‍ ബഹ്‌റിന്‍ കരുത്തരായ സൗദിയെ അട്ടിമറിച്ച് കിരീടം ചൂടിയിരുന്നു. അതേവര്‍ഷം തന്നെ, ജോര്‍ദനെ തോല്‍പിച്ച് അറബ് ഗെയിംസില്‍ സ്വര്‍ണം നേടുകയും ചെയ്തിരുന്നു.

എന്നാല്‍, 2012ല്‍ നടന്ന ഒരു സൗഹൃദ മത്സരത്തില്‍ യു എ ഇയോട് രണ്ടിനെതിരെ ആറു ഗോളിന് തോറ്റതിനെ തുടര്‍ന്ന് ബഹ്‌റിന്‍ ടെയ്‌ലറെ പുറത്താക്കിയിരുന്നു.

1976ല്‍ ഇംഗ്ലണ്ടിനു വേണ്ടി നാലു മത്സരങ്ങള്‍ കളിക്കുകയും രണ്ട് ഗോള്‍ നേടുകയും ചെയ്തിട്ടുണ്ട് ടെയ്‌ലര്‍. ഒരു മത്സരത്തില്‍ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച ടെയ്‌ലര്‍ രണ്ടു തവണ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2013ല്‍ ഇംഗ്ലണ്ട് അണ്ടര്‍-20 ടീമിന്റെ പരിശീലകനായിരുന്നു.

2000ല്‍ ഡേവിഡ് ബെക്കാം ആദ്യമായി ഇംഗ്ലീഷ് നായകനായപ്പോള്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് കൈമാറിയത് ആ മത്സരത്തില്‍ മാത്രം കെയര്‍ടേക്കര്‍ കോച്ചായി പ്രവര്‍ത്തിച്ച ടെയ്‌ലറായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :