നോബല്‍ മോഷണം: അന്വേഷണം അവസാനിപ്പിച്ചിട്ടില്ല

കൊല്‍ക്കത്ത| WEBDUNIA|
രബീന്ദ്ര നാഥ ടാഗോറിന്‍റെ നോബല്‍ സമ്മാന മെഡല്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് സി ബി ഐ. 2004 മാര്‍ച്ചില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള കേസില്‍ വീണ്ടും അന്വേഷണം നടന്നേക്കാമെന്ന് ഡയറക്ടര്‍ അശ്വിനി കുമാര്‍ അറിയിച്ചു.

“നോബല്‍ മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും സി ബി ഐക്ക് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെടുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമായാല്‍ അന്വേഷണം പുനരാരംഭിക്കും” - അശ്വിനികുമാര്‍ പറഞ്ഞു.

“സി ബി ഐയെ കേസ് ഏല്‍പ്പിച്ചെങ്കിലും എന്തെങ്കിലും ഒരു വഴിത്തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്തെങ്കിലും ഒരു തെളിവു കിട്ടുന്ന സാഹചര്യത്തില്‍ കേസില്‍ വീണ്ടും അന്വേഷണം ആരംഭിക്കുന്നതിന് ഒരു തടസവുമില്ല.” - അദ്ദേഹം പറഞ്ഞു.

അമൂല്യമായ ഈ സമ്മാനം മോഷണം പോയ സംഭവം നിര്‍ഭാഗ്യകരമാണെന്നാണ് സി ബി ഐ ചീഫ് പറഞ്ഞത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലുള്ള രബീന്ദ്രഭവന്‍ മ്യൂസിയത്തില്‍ നിന്നാണ് നോബല്‍ സമ്മാന മെഡല്‍ മോഷണം പോയത്. സംഭവത്തിന് ശേഷം അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിനും എന്തെങ്കിലും തുമ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :