ജ്യോതി ബസു അന്തരിച്ചു

കൊല്‍ക്കത്ത| WEBDUNIA|
PRO
മുതിര്‍ന്ന സിപി‌എം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു അന്തരിച്ചു. തൊണ്ണൂ‍റ്റിയഞ്ചു വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്‍റെ രണ്ടു ദിവസമായി ഏറെ വഷളായിരുന്നു. 11.47 ഓടെയായിരുന്നു അന്ത്യം. സിപി‌എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് ആണ് മരണവിവരം അറിയിച്ചത്.

ബസുവിന്‍റെ മകന്‍ ഛന്ദന്‍ ബസു, പ്രകാശ് കാരാട്ട്, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു.

ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ബസുവിന് ഇന്നു രാവിലെ പേസ് മേക്കര്‍ സഹായം നല്‍കിയിരുന്നു. പുര്‍ണ്ണവെന്‍റിലേറ്റര്‍ സഹായവും ദിവസങ്ങളായി അദ്ദേഹത്തിന് നല്‍കിയിരുന്നു. ഹൃദയം, തലച്ചോര്‍, വൃക്കകള്‍ തുടങ്ങി അഞ്ച് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലുള്ള എ.എം.ആര്‍.ഐ. ആശുപത്രിയിലായിരുന്നു ബസു. നില വഷളായതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബസുവിനെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പ് ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും ഇത് നീണ്ടുനിന്നില്ല.

പ്രയാധിക്യത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2009 ജൂലൈയിലും ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2008 ലും കുളിമുറിയില്‍ ബോധമറ്റ് വീണതിനെ തുടര്‍ന്ന് തുടര്‍ന്ന് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തിയെങ്കിലും പ്രായാധിക്യം കണക്കിലെടുത്ത് ശസ്ത്രക്രിയ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇരുപത്തിമൂന്ന് വര്‍ഷമാണ് (1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 6‌) ബസു പശ്ചിമബംഗാളിന്‍റെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. 2000 ത്തില്‍ പ്രായാധിക്യം കാരണം അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. 1996 ലെ തെരഞ്ഞെടുപ്പില്‍ ബസുവിന് പ്രധാനമന്ത്രിയാകാന്‍ അവസരമുണ്ടായിരുന്നെങ്കിലും സര്‍ക്കാരില്‍ ഭാഗമാകേണ്ടെന്ന സിപി‌എം തീരുമാനം ഈ സാധ്യത തല്ലിക്കെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ബസു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യന്‍‌മാരില്‍ ഒരാളാ‍യിരുന്നു അദ്ദേഹം.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപി‌എം രൂപീകൃതമായതുമുതല്‍ 2008 വരെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയിലെ പ്രിസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ശേഷം നിയമപഠനത്തിനായി ബ്രിട്ടനിലേക്ക് പോയ ബസു 1940 ലാണ് തിരികെ കൊല്‍ക്കത്തയിലെത്തുന്നത്. തൊഴിലാളി പ്രസ്ഥാനത്തിലൂടെയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ബസു എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :