റെയില്‍വേ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി കോടികളുടെ അഴിമതി നടത്തിയ കേസില്‍ സസ്പെന്‍ഷനിലായ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്(മുംബൈ) ചെയര്മാന് എസ് എന്‍ ശര്‍മയെയും റായ്പുരിലെ സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ ജി സേത്തിയെയും സിബിഐ അറസ്റ്റു ചെയ്തു.
ഇവരെ വ്യാഴാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കുമെന്ന് സിബിഐ ഡിഐജി വി വി ലക്ഷ്മി നാരായണ അറിയിച്ചു. ശര്‍മയെ മുംബൈയില്‍നിന്നും സേത്തിയെ റായ്പുരില്‍നിന്നും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ശര്‍മയുടെ മകനടക്കം എട്ടുപേരെ സി ബി ഐ ഈ മാസം 19ന് അറസ്റ്റുചെയ്തിരുന്നു.
അസിസ്റ്റന്റ് ലോക്കോ പെയിലറ്റ്, അസിസ്റ്റന്‍ഡ് സ്റ്റേഷന് മാസ്റ്റര്‍ എന്നീ തസ്തികകളിലേയ്ക്ക് യഥാക്രമം ജൂണ്‍ ആറിനും 13നും നടന്ന പരീക്ഷാ ചോദ്യപേപ്പര്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിഫലം വാങ്ങി ചോര്‍ത്തിക്കൊടുത്തുവെന്നാണ് കേസ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നരലക്ഷംരൂപയാണ് ഇതിന് ഈടാക്കിയത്. പണം മുഴുവന്‍ നല്‍കാത്ത ഉദ്യോഗാര്‍ഥികളുടെ അസ്സല് പതിപ്പും ഇവര്‍ പിടിച്ചുവെച്ചിരുന്നു.
പണം പൂര്‍ണമായി നല്‍കുന്നതോടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കുമെന്നായിരുന്നു വ്യവസ്ഥ. ജൂണ്‍ 15ന് ഹൈദരാബാദിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുംബൈ, ബാംഗ്ലൂര്‍, റായ്പുര്‍, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ അഴിമതി വെളിപ്പെടുത്തുന്ന രേഖകളും പണവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.